11:58pm 26 September 2026
NEWS
‘വിമർശനം ഇല്ലെങ്കിൽ ഞാനടക്കം എല്ലാവരും ചീത്തയായി പോകും’; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ
26/09/2026  09:34 PM IST
nila
‘വിമർശനം ഇല്ലെങ്കിൽ ഞാനടക്കം എല്ലാവരും ചീത്തയായി പോകും’; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ

തൃശ്ശൂർ: ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഉൾപ്പെടെ എല്ലാവരും വിമർശനങ്ങൾക്ക് വിധേയരാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമർശനങ്ങളിലൂടെ തെറ്റുകൾ തിരുത്താനുള്ള അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരിൽ കെയുഡബ്ല്യുജെ സുവർണജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയെയും സർക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങൾ വിമർശിക്കണം. ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിക്കുന്നവരെ തിരുത്താൻ ക്രിയാത്മകമായ വിമർശനങ്ങൾ ആവശ്യമാണ്. വിമർശനങ്ങളില്ലാത്ത സാഹചര്യം വ്യക്തികളെയും സമൂഹത്തെയും തെറ്റായ വഴിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ചിലർ ധാർമികവും പ്രൊഫഷണൽതുമായ മര്യാദകൾ മറികടക്കുന്നുവെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. മാന്യതയില്ലാത്തതും അനഭിലഷണീയവുമായ രീതിയിലുള്ള മാധ്യമപ്രവർത്തനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആരും വിമർശനത്തിന് അതീതരല്ല. വിമർശനം ഇല്ലെങ്കിൽ ഞാനടക്കം എല്ലാവരും ചീത്തയായി പോകും. തെറ്റായ വഴിയിലൂടെയാണ് യാത്രയെങ്കിൽ, ശരിയായ വഴി ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ട്,’ വി.ഡി. സതീശൻ പറഞ്ഞു.

കേരളത്തിൽ ചിലർ പ്രൊഫഷണൽ മര്യാദകളോ മാന്യതയോ പാലിക്കാത്ത മാധ്യമപ്രവർത്തന രീതികളിലേക്ക് മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്തും പറയാവുന്ന തരത്തിലുള്ള ഇത്തരം സമീപനങ്ങൾ പിന്തുടരാൻ പാരമ്പര്യമുള്ള കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. ചില വിഷയങ്ങൾ ചർച്ചയാകാൻ വേണ്ടിയാണ് താൻ തന്നെ ചില കാര്യങ്ങൾ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിമർശനത്തിന്റെ പേരിൽ ഹീനമായോ തരംതാണ രീതിയിലോ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം രീതികളാണ് ശരിയായ മാധ്യമപ്രവർത്തനമെന്ന് പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. മാധ്യമപ്രവർത്തനത്തിലെ ഈ പ്രവണതകൾക്ക് മാറ്റമുണ്ടാകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img